കുട്ടീനോയെ ബാഴ്സലോണയിൽ തന്റെ പ്ലാനിന്റെ ഭാഗം എന്ന് കോമാൻ

 

ബ്രസീലിന്റെ ബാഴ്‌സ താരം കുട്ടീനോ ക്ലബ് വിടും എന്നാണ് എല്ലാവരും കരുതുന്നത് എങ്കിലും ബാഴ്സലോണ പുതിയ പരിശീലകൻ കോമ്മന്റെ ആഗ്രഹം കുട്ടീനോയെ ക്ലബിൽ നിലനിർത്താൻ ആണ്. ബയേൺ മ്യൂണിക്കിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്ന കുട്ടീനോ ഉടൻ ബാഴ്സലോണയിൽ മടങ്ങി എത്തും. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കഴിഞ്ഞതോടെ കൗട്ടീനോയുടെ ലോൺ കാലാവധി കഴിഞ്ഞിരിക്കുകയാണ്.


ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കുട്ടീനോയെ കോമാൻ ഇതിനകം തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. ഒപ്പം ബാഴ്സലോണയിൽ കുട്ടീനോയ്ക്ക് സ്ഥാനം ഉണ്ടെന്നും തന്റെ പ്ലാനിൽ നിർണായക സ്ഥാനം കുട്ടീനോയ്ക്ക് ഉണ്ടെന്നും കോമൻ താരത്തെ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ 8-2ന് തോറ്റ മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങാൻ കുട്ടീനോക്ക് ആയിരുന്നു. ബാഴ്സലോണയിൽ രണ്ടു സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ ആണ് കുട്ടീനോ എത്തിയത് എങ്കിലും ഇത് വരെ ബാഴ്സലോണ ജേഴ്സിയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനൊരു മാറ്റം ഉണ്ടാക്കുക ആകും കോമാന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍