തിയാഗോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവിശ്യം ഇല്ലായിരുന്നു എന്ന് ഗ്വാർഡിയോള


 

ബയേൺ മ്യൂണിക്കിൽ നിന്നും ലിവർപൂൾ സ്വന്തമാക്കിയ തിയാഗോ അൽകാൻട്രയെ പ്രീമിയർ ലീഗിലേക്ക് സ്വാഗതം ചെയ്‌ത്‌ താരത്തിന്റെ മുൻ പരിശീലകനായ പെപ് ഗ്വാർഡിയോള. തിയാഗോയെ സ്വന്തമാക്കാൻ സിറ്റിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്വാർഡിയോള പരിശീലകനായിരിക്കുമ്പോൾ ബാഴ്‌സ സീനിയർ ടീമിൽ ഇടം നേടിയ തിയാഗോ പിന്നീട് അദ്ദേഹത്തിനൊപ്പം 2013ൽ ബയേണിലേക്ക് ചേക്കേറുകയായിരുന്നു. ബയേണിനൊപ്പം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ തിയാഗോ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരമായാണ് കണക്കാക്കപ്പെടുന്നത്.

"തിയാഗോയുടെ പൊസിഷനിൽ വേണ്ടത്ര താരങ്ങൾ ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കണമെങ്കിൽനിലവിലുള്ള കളിക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യമുണ്ട്. എന്നാൽ തിയാഗോ ഇംഗ്ലണ്ടിലെത്തിയതിൽ എനിക്കു സന്തോഷമുണ്ട്. പ്രീമിയർ ലീഗ് മികച്ചൊരു താരത്തെ ആസ്വദിക്കാൻ പോവുകയാണ്." വോൾവ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ഗ്വാർഡിയോള പറഞ്ഞു.

ഡേവിഡ് സിൽവ സിറ്റി വിട്ട സ്ഥാനത്തേക്ക് തിയാഗോയെ എത്തിക്കാൻ കഴിയുമായിരുന്നെങ്കിലും ഇംഗ്ലണ്ട് യുവതാരം ഫിൽ ഫോഡനിൽ പെപ് പ്രതീക്ഷയർപ്പിച്ചുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വെറും ഇരുപതു വയസു മാത്രം പ്രായമുള്ള താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നിലവിൽ ബെർണാഡോ സിൽവ. ഗുൻഡോഗൻ, ഫോഡൻ എന്നിവരാണ് കെവിൻ ഡി ബ്രൂയ്‌നൊപ്പം സിറ്റി മധ്യനിര കൈകാര്യം ചെയ്യുന്നത്.

അതേ സമയം തിയഗോയുടെ വരവ് പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ ലിവർപൂളിന് കരുത്ത് പകരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മികച്ച പന്തടക്കവും പാസിംഗ് മികവുമുള്ള താരത്തെ സ്വന്തമാക്കുന്നത് ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം വീണ്ടുമുറപ്പിക്കുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണി അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്ച ലിവർപൂളിന് വേണ്ടി തിയാഗോ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍