ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലീഗാ ഫുട്ബോള്‍ പുതിയ സീസണിന് ഇന്ന് തുടക്കം. ആദ്യ പ്രീമിയർ ലീഗ് കളിയില്‍ ഫുല്‍ഹാമും അഴ്സണലും ഏറ്റുമുട്ടും (05:00 PM) IST. ചാമ്ബ്യന്‍മാരായ ലിവര്‍പൂള്‍ ഈ സീസണിലെ നവാഗതരായ ലീഡ്സ് യുണൈറ്റഡിനെ നേരിടും (10:00 PM) IST. കോവിഡിന് ശേഷമുള്ള പുതിയ സീസണാണ് ഇത്.
ഈ സീസണിലും ലിവര്‍പൂളിന് തന്നെയാണ് ഫുട്ബോള്‍ വിദഗ്ധര്‍ സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടരുന്ന തകര്‍പ്പന്‍ പ്രകടനം ഇക്കുറിയും യുര്‍ഗന്‍ ക്ലോപ്പും സംഘവും ആവര്‍ത്തിച്ചേക്കും. എന്നാല്‍, പുതിയ താരങ്ങളെ എത്തിക്കാന്‍ ലിവര്‍പൂളിന് ഇക്കുറി കഴിഞ്ഞിട്ടില്ല. ബയേണ്‍ മ്യൂണിക്കിന്റെ തിയാഗോ അലസാന്‍ഡ്രയ്ക്കായി ശ്രമം തുടരുകയാണ്.
കഴിഞ്ഞ സീസണില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ സീസണില്‍ ഒമ്ബത് കളിയാണ് തോറ്റത്. പ്രതിരോധത്തില്‍ നതാന്‍ അകെയെ എത്തിച്ചതാണ് പ്രധാനനേട്ടം. ഫെറാന്‍ ടോറെസുമെത്തി.
ചെല്‍സിയാണ് സീസണില്‍ മികച്ച കളിക്കാരെ എത്തിച്ചത്. ടിമോ വെര്‍ണെര്‍, കെയ് ഹവേര്‍ട്സ്, ബെന്‍ ചില്‍വെല്‍, തിയാഗോ സില്‍വ എന്നിവര്‍ എത്തിയത് നേട്ടമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണ്. ഡോണി വാന്‍ ബീക്കിന്റെ വരവും ഗുണം ചെയ്യും.
മൈക്കേല്‍ അര്‍ടേറ്റയ്ക്ക് കീഴില്‍ ഏറെ മാറിയ അഴ്സണലും ഇക്കുറി ശക്തമായി രംഗത്തുണ്ട്. ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, വൂള്‍വറാംപ്ടണ്‍ വാണ്ടറേഴ്സ്, സതാംപ്ടണ്‍, ലീഡ്സ് ടീമുകളും സീസണില്‍ മികച്ച കളി പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.
ലാലിഗയുടെ മറ്റൊരു സീസണുകൂടി തുടക്കമാവുമ്പോള്‍ വളരെ പ്രതീക്ഷയിലാണ് റയല്‍ മാഡ്രിഡുള്ളത്. അവസാന സീസണിലെ ലാലിഗ കിരീടം ഇത്തവണ നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. പുതിയ സൂപ്പര്‍ താരങ്ങളെയൊന്നും റയല്‍ ടീമിലെത്തിച്ചിട്ടില്ലെങ്കിലും നിലവില്‍ കരുത്തുറ്റ താരനിരതന്നെ അവര്‍ക്കൊപ്പമുണ്ട്. മറുവശത്തുള്ള ബാഴ്‌സലോണയില്‍ പ്രതിസന്ധി നിരവധിയാണ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴില്‍ ടീം സെറ്റാകാന്‍ സമയമെടുക്കും. മാനേജ്‌മെന്റുമായി ഉടക്കി നിന്നിരുന്ന മെസ്സി നിലവില്‍ ഒത്തുതീര്‍പ്പിലെത്തി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കോമാന്റെ കീഴില്‍ മെസ്സിക്ക് വലിയ റോളുണ്ടാകുമോയെന്ന് കണ്ടറിയണം.
ആദ്യ ദിനം രണ്ട് മത്സരങ്ങളാണുള്ളത് ഇന്ന് ലാ ലിഗയിൽ.
എയ്ബര്‍ സെല്‍റ്റാ വിഗോയെ ഉദ്ഘാടന മത്സരത്തില്‍ (വൈകീട്ട് 7.30) നേരിടുമ്പോള്‍ ഗ്രാനഡയും അത്‌ലറ്റികോ ബില്‍ബാവോയും തമ്മിലാണ് (രാത്രി 10) രണ്ടാം മത്സരം. റയല്‍ സോസിഡാഡാണ് റയലിന്റെ ആദ്യ എതിരാളി. വിയ്യാറയലാണ് ബാഴ്‌സലോണയുടെ ആദ്യ എതിരാളി. ലാലിഗ മത്സരങ്ങള്‍ അവരുടെ ഫേസ് ബുക്ക് ലൈവിലൂടെ ഓണ്‍ലൈനായി കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ചാനലിലൂടെ തത്സമയ സംപ്രേഷണം ഇല്ല.


0 അഭിപ്രായങ്ങള്‍