ചാമ്പ്യൻസ് ലീഗ് രാവ് ആഘോഷിച്ച് ബാഴ്സലോണ!!


 

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടം ഗോൾ അടിച്ച് ആഘോഷിച്ച് ബാഴ്സലോണ. ഇന്ന് ഹംഗറി ക്ലബായ‌ ഫെറങ്ക്വാറോസിനെ നേരിട്ട ബാഴ്സലോണ അഞ്ചു ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ലാലിഗയിലെ നിരാശ മുഴുവൻ ഇന്ന് യൂറോപ്യൻ രാത്രിയിൽ ബാഴ്സലോണ തീർക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അവസാന 20 മിനുട്ടുകളോളം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും ബാഴ്സലോണക്ക് യാതൊരു സമ്മർദ്ദവും ഇന്ന് നേരിടേണ്ടി വന്നില്ല.


ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ബാഴ്സലോണയുടെ ആദ്യ ഗോൾ. മെസ്സി നേടിയ പെനാൾട്ടി മെസ്സി തന്നെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 42ആം മിനുട്ടിൽ അംസു ഫതിയുടെ വക ആയിരുന്നു രണ്ടാം ഗോൾ. മത്സരത്തിലെ ഏറ്റവും മനോഹര ഗോൾ ഇതാണെന്ന് പറയാം. അത്രയ്ക്ക് മനോഹരമായ പാസ് ആയിരുന്നു ആ ഗോളിനു വേണ്ടി ഡിയോങ് ഫതിക്ക് നൽകിയത്.


രണ്ടാം പകുതിയിൽ കൗട്ടീനോയും, പെഡ്രിയും ഡെംബലയും ബാഴ്സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. പരിക്ക് മാറി എത്തിയതിനു ശേഷം ഡെംബലെ നേടുന്ന ആദ്യ ഗോളാണിത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ യുവന്റസിനെ അടുത്ത ആഴ്ച ബാഴ്സലോണ നേരിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍