ക്ലബ്ബ് ഫുട്ബോളിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഗ്രീസ്മാൻ ഭാവിയിൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞ വർഷം പരസ്യമാക്കിയിരുന്നു. ഇപ്പോളിതാ 2024 ൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്നതോടെ താൻ അമേരിക്കൻ ലീഗിലേക്ക് ചേക്കേറുമെന്ന് അദ്ദേഹം ഒന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ദിനപത്രമായ ലെ ഫിയാഗ്രോയോട് സംസാരിക്കവെയായിരുന്നു ഗ്രീസ്മാൻ ഇക്കാര്യത്തിൽ മനസ് തുറന്നത്.
32, 33 വയസുള്ളപ്പോൾ മേജർ ലീഗ് സോക്കറിലേക്ക് പോകുമോ എന്ന ഫ്രഞ്ച് പത്രത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു 2024 ൽ അങ്ങോട്ടേക്ക് പോകുമെന്ന് മുപ്പതുകാരനായ ഗ്രീസ്മാൻ വ്യക്തമാക്കിയത്. " ബാഴ്സലോണയുമായുള്ള എന്റെ കരാർ 2024 ജൂൺ 30 വരെ നിലനിൽക്കുന്നു. അതിന് ശേഷം അമേരിക്കയിലേക്ക് പോകാനുള്ള ശരിയായ സമയമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ ആ രാജ്യത്തെ സ്നേഹിക്കുന്നു. അവിടുത്തെ സംസ്കാരത്തെയും എൻ ബി എ യേയും സ്നേഹിക്കുന്നു. സാഹസികതക്കുള്ള ആഗ്രഹം എന്നെ ആകർഷിക്കുന്നു."
"ഞാൻ എന്റെ കരിയർ അവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. നൽകാൻ ഒന്നുമില്ലാതെ ചെല്ലുകയും, പിച്ചിൽ ഒന്നുമല്ലാത്തത് പോലെ കാണപ്പെടുകയും ചെയ്യുന്നതിന് പകരം എനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കുകയും എം എൽ എസ് കിരീടം നേടുകയും ചെയ്യണം". എന്ന് ഗ്രീസ്മാൻ പറഞ്ഞു.

0 അഭിപ്രായങ്ങള്‍