അർജന്റീന ദേശീയ ടീം പരിശീലകസ്ഥാനത്തു നിന്നും ലയണൽ സ്‌കലോണി സ്ഥാനമൊഴിയുകയോ പുറത്താക്കപ്പെടുകയോ ചെയ്‌താൽ പകരക്കാരനായെത്തുക മുൻ ബാഴ്‌സലോണ താരമായ ഹാവിയർ മഷറാനോയാകുമെന്ന് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ റെഗുലറൈസേഷൻ കമ്മീഷന്റെ മുൻ പ്രസിഡന്റായ അർമാൻഡോ പെരസ്. മെസിയുമായുള്ള അടുത്ത സൗഹൃദം ഉപയോഗപ്പെടുത്തി അർജന്റീന ടീമിലെ പ്രധാന വിഷയങ്ങളിലെല്ലാം മഷറാനോ ഇടപെടുന്നുണ്ടെന്ന വിമർശനവും അദ്ദേഹം നടത്തി.
അർജന്റീനയിലും ബാഴ്‌സലോണയിലും വളരെക്കാലം ഒരുമിച്ചു കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മഷറാനോയും മെസിയും തമ്മിൽ വളരെയടുത്ത സൗഹൃദമാണുള്ളത്. നിലവിൽ അർജന്റീന താരങ്ങളെ അടിത്തട്ടിൽ നിന്നും വളർത്തിയെടുക്കാനും സീനിയർ, ജൂനിയർ ടീമുകൾക്കു വേണ്ടി ഒരു ഏകീകൃത ശൈലിയുണ്ടാക്കാനുമുള്ള ചുമതലയാണ് മഷറാനോക്കുള്ളത്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ നിലവിലെ പരിശീലകനായ സ്‌കലോണി ഒഴിവാക്കപ്പെട്ടാൽ മഷറാനോ തന്നെയാവും പകരക്കാരനായി എത്തുകയെന്ന് അർമാൻഡോ പെരസ് വ്യക്തമാക്കി.
"ലയണൽ സ്‌കലോണിയുടെ പരിശീലക സ്ഥാനം ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാൽ മഷറാനോ ആ പൊസിഷനിലേക്ക് വരുമെന്നാണോ നിങ്ങൾ ചോദിക്കുന്നത്, എന്താണ് നിങ്ങൾ അതേപ്പറ്റി കരുതുന്നത്?" റേഡിയോ റിവാഡാവിയയുമായി നടത്തിയ അഭിമുഖത്തിൽ അർമാൻഡോ പെരസ് പറഞ്ഞത് മാർക്കാ ക്ലാരോ പുറത്തുവിട്ടു.
"തങ്ങളുടെ അഭിപ്രായം പറയാൻ മെസിയുടെ പ്രതിച്ഛായയെ ഉപയോഗപ്പെടുത്തുന്ന പലരും അർജന്റീന ദേശീയ ടീമിലുണ്ടെന്ന പരാമർശം ഉണ്ടായിരുന്നു. അതിൽ പ്രധാനിയായൊരാൾ മഷറാനോയാണ്. പരിശീലകരെ നിയമിക്കുന്നതടക്കമുള്ള ദേശീയ ടീമിന്റെ വിഷയങ്ങളിൽ അഭിപ്രായം പറയാൻ മഷറാനോ മെസിയുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്താറുണ്ട്. ഇതാരും പറഞ്ഞതല്ല, ഞാൻ കണ്ടിട്ടുള്ള കാര്യമാണ്." അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോപ്പ അമേരിക്കയിൽ ഇതുവരെ അർജന്റീന നടത്തിയ പ്രകടനത്തിൽ ആരാധകർ പൂർണമായും തൃപ്തരല്ലെന്നതു കൊണ്ട് സ്‌കലോണിക്കെതിരെ ചെറിയ വിമർശനങ്ങൾ പല ഭാഗത്തു നിന്നും ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. നിലവിൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും മാറ്റാനുള്ള സാധ്യതയില്ലെങ്കിലും കോപ്പ അമേരിക്കയിൽ നിന്നും ടീം നേരത്തെ പുറത്താവുകയാണെങ്കിൽ അതിൽ മാറ്റം വന്നേക്കാം.

0 അഭിപ്രായങ്ങള്‍