നിരന്തരമായ വിമർശനങ്ങൾ, മൗറീന്യോക്കെതിരെ പ്രതികരിച്ച് ലൂക്ക് ഷോ


തനിക്കെതിരെ നിരന്തരം വിമർശനങ്ങൾ നടത്തുന്ന ജോസെ മൗറീന്യോക്കു നേരെ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ഇംഗ്ലണ്ടിന്റെയും ഫുൾ ബാക്കായ ലൂക്ക് ഷാ. മൗറീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്നപ്പോൾ അവസരങ്ങൾ കുറവായിരുന്ന ലൂക്ക് ഷാ കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ യൂറോ ടീമിൽ ഇടം പിടിക്കുകയും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങുകയും ചെയ്‌തിരുന്നു.

യൂറോ കപ്പിന്റെ ഭാഗമായി ടെലിവിഷൻ പണ്ഡിറ്റായി സേവനമനുഷ്ഠിക്കുന്ന മൗറീന്യോ തനിക്കെതിരെ നിരന്തരം വിമർശനങ്ങൾ നടത്തുന്നതു കൊണ്ടാണ് ഇംഗ്ലണ്ട് താരത്തിന് പോർച്ചുഗീസ് പരിശീലകനെതിരെ പ്രതികരിക്കേണ്ടി വന്നത്. നേരത്തെ ഷാ ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന രീതിയിൽ പരാമർശം നടത്തിയിരുന്ന മൗറീന്യോ, ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു ശേഷം താരത്തിന്റെ സെറ്റ് പീസുകൾ വളരെ മോശമാണെന്നും പറഞ്ഞിരുന്നു.

"അതെനിക്ക് മനസിലാകുന്നില്ല, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ഇങ്ങിനെ തുടരുന്നതെന്നും എനിക്കു നേരെ വിരൽ ചൂണ്ടുന്നതെന്നും അറിയില്ല. സെറ്റ് പീസുകൾ മൗറീന്യോ പറയുന്നത്രയും മോശമായാണ് ഞാനെടുക്കുന്നതെന്നു കരുതുന്നില്ല." ഷാ പറഞ്ഞു. അതേസമയം ചെക്ക് റിപ്പബ്ലിക്കിനെതിരെ മൂന്നോ നാലോ സെറ്റ് പീസുകളെടുത്തതിൽ ഒരെണ്ണം മോശമായിരുന്നുവെന്ന് താരം സമ്മതിച്ചു.

"അദ്ദേഹത്തിന് സ്വന്തം ജോലി ചെയ്യാനുണ്ട്. എന്നെക്കുറിച്ച് അദ്ദേഹം നെഗറ്റിവ് കമന്റുകൾ പറയുന്നത് എനിക്ക് ശീലമായതു കൊണ്ടു തന്നെ ഞാനതിനെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാവർക്കുമറിയുന്നതു പോലെ മൗറീന്യോ എന്നെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ അതദ്ദേഹത്തിൻറെ ശബ്ദമാണ്, ഇഷ്ടമുള്ളതെല്ലാം പറയാം. ഞാൻ എന്റെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകും, സെറ്റ് പീസുകൾ ഇനിയുമെടുക്കും." ഷാ വ്യക്തമാക്കി.

ചില താരങ്ങളെ വളരെയധികം ഇഷ്ടപ്പെടുകയും ചിലരെ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന മൗറീന്യോക്ക് കീഴിൽ കളിക്കുമ്പോൾ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും ഷാ പറഞ്ഞു. മൗറീന്യോ മികച്ച പരിശീലകനാണെന്ന് അഭിപ്രായപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇനിയും വിമർശനങ്ങൾ അദ്ദേഹത്തിന് നടത്താമെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍