യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ ജർമനി തകർത്തെറിഞ്ഞപ്പോൾ അതിൽ താരമായത് ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ കളിക്കാരനായ റോബിൻ ഗോസെൻസാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജർമനി വിജയം നേടിയ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗോസെൻസ് മത്സരത്തിലുടനീളം പോർച്ചുഗൽ പ്രതിരോധത്തിന് വലിയ തലവേദനയാണു സൃഷ്‌ടിച്ചത്.
പോർച്ചുഗലിനെതിരെ ഗോസെൻസ് നടത്തിയ പ്രകടനത്തിനു ചെറിയൊരു പ്രതികാരഛായ കൂടിയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സീരി എയിൽ അറ്റലാന്റയും യുവന്റസും തമ്മിൽ നടന്ന മത്സരത്തിനു ശേഷം റൊണാൾഡോയുടെ ജേഴ്‌സി ജർമൻ താരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അത് ഗോസെൻസിനു നൽകാൻ തയ്യാറായിരുന്നില്ല.
അന്നത്തെ മത്സരത്തിനു ശേഷം ഗോസെൻസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളിയവസാനിച്ചതോടെ താൻ റൊണാൾഡോക്കരികിലേക്ക് പോയി ജേഴ്‌സി ആവശ്യപ്പെട്ടപ്പോൾ യുവന്റസ് താരം തന്നെ നോക്കുക പോലും ചെയ്യാതെ അത് സാധ്യമല്ലെന്നാണ് പറഞ്ഞതെന്നും അത് തനിക്ക് വലിയ നാണക്കേടും അപമാനവും നൽകിയെന്നും അറ്റലാന്റ താരം അന്നു പറഞ്ഞിരുന്നു.
എന്നാൽ പോർചുഗലിനെതിരെ യൂറോ കപ്പിൽ ഇറങ്ങിയപ്പോൾ ഇതിനു പ്രതികാരമെന്ന രീതിയിലുള്ള പ്രകടനം തന്നെ നടത്താൻ ജർമൻ താരത്തിന് കഴിഞ്ഞു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയതിനു പുറമെ ജർമനിയുടെ ഗോളുകളിലെല്ലാം നിർണായക പങ്കു വഹിക്കാൻ ഗോസെൻസിനു കഴിഞ്ഞിരുന്നു.
അഞ്ചു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സി സ്വന്തമാക്കുകയെന്ന വലിയ സ്വപ്‌നം പൂർത്തിയാക്കാനാണ് ഗോസെൻസ് അന്നത്തെ സീരി എ മത്സരത്തിനു ശേഷം ശ്രമിച്ചത്. എന്നാൽ അതിൽ നിന്നുമുണ്ടായ അപമാനം കൊണ്ടു തന്നെയായിരിക്കാം ഇന്നലത്തെ മത്സരത്തിനു ശേഷം റൊണാൾഡോയോട് താൻ ജേഴ്‌സി ആവശ്യപ്പെടില്ലെന്നാണ് ജർമൻ താരം പറഞ്ഞത്.

0 അഭിപ്രായങ്ങള്‍