ഫോഡൻ ഇംഗ്ലണ്ടിന്റെ രീതിക്ക് പറ്റിയ കളിക്കാരൻ അല്ലെന്ന് റൂണി


 


ഫോഡൻ ഇംഗ്ലണ്ട് ടീമിനൊപ്പം പതറുന്നതിന്റെ പ്രധാന കാരണം മാഞ്ചസ്റ്റർ സിറ്റിയുടെ ശൈലി സ്വാധീനിക്കുന്നതു കൊണ്ടാണെന്ന് ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി. ഇംഗ്ലീഷ് താരം ഒരു ഡ്രിബ്ലർ അല്ലെന്നും റൂണി പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആദ്യത്തെ രണ്ടു യൂറോ കപ്പ് മത്സരങ്ങളിലും ഇറങ്ങിയ ഫോഡൻ ക്രൊയേഷ്യക്കെതിരെ തിളങ്ങിയെങ്കിലും സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ശരാശരി മികവു മാത്രമാണ് പുലർത്തിയത്.


ഇരുപത്തിയൊന്നുകാരനായ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ പൊസെഷൻ അടിസ്ഥാനമാക്കിയുള്ള ശൈലിയിൽ കളിച്ചതിനു ശേഷം ഇംഗ്ലണ്ടിന്റെ ശൈലിയോട് യോജിച്ചു പോകാൻ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റൂണിയുടെ അഭിപ്രായം. ഫോഡനു പകരം ജാക്ക് ഗ്രീലിഷ്, ജാഡൻ സാഞ്ചോ എന്നിവരിലൊരാളെ ഇംഗ്ലണ്ട് ടീമിലുൾപ്പെടുത്തണമെന്നും റൂണി നിർദ്ദേശിച്ചു.



"ഒരു ഫുട്ബോളർ എന്ന നിലയിൽ ഫിൽ ഫോഡനെ എനിക്കിഷ്ടമാണ്. എന്നാൽ നാലിലധികം വർഷങ്ങൾ കൊണ്ട് ഫോഡൻ ഒരു മാഞ്ചസ്റ്റർ സിറ്റി കളിക്കാരനായി മാറ്റപ്പെട്ടുവെന്നതു മനസിലാക്കണം. പെപ് ഗ്വാർഡിയോള താരത്തെ ലോണിൽ വിടാനോ മറ്റൊരു ശൈലി മനസ്സിലാക്കാനോ അവസരമുണ്ടാക്കാത്തതിനാൽ താരം മാഞ്ചസ്റ്റർ സിറ്റിയുടെ ശൈലിയിലാണ് ഇതുവരെ തുടർന്നു കൊണ്ടിരിക്കുന്നത്."


"പതിനാറു വയസു മുതൽ കളിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ നിന്നും പെട്ടന്നു മറ്റൊരു ശൈലിയിലേക്ക് മാറി മികച്ച പ്രകടനം നടത്തുക താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. സിറ്റി ഫൈനൽ തേർഡിലാണ് കളിക്കുക, അവിടെയാണവർ പന്ത് കൂടുതൽ സമയം കൈവശം വെക്കുകയും ചെയ്യുക. ഫോഡൻ ഒരു ഡ്രിബ്ലറല്ല, മറിച്ച് ചെറിയ പാസുകൾ നടത്തി നല്ല പൊസിഷനുകളിലേക്ക് നീങ്ങാൻ കഴിയുന്ന താരമാണ്." റൂണി ദി ടൈംസിനോട് പറഞ്ഞു.


മാഞ്ചസ്റ്റർ സിറ്റിയിൽ ഫോഡന് ചുറ്റും കളിക്കുന്ന താരങ്ങളുടെ നീക്കങ്ങളും ടീമിന്റെ ശൈലിയും താരത്തിന് സ്‌പേസുകളിലേക്ക് നീങ്ങാനും മികച്ച പ്രകടനം നടത്താനും സഹായിക്കുന്നുണ്ടെന്നും, എന്നാൽ ഇംഗ്ലണ്ടിന്റെ ശൈലിയിൽ ഡ്രിബിൾ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടു തന്നെ ഗ്രീലിഷ്, സാഞ്ചോ എന്നീ താരങ്ങളെ ഫോഡനു പകരം കളിപ്പിക്കണമെന്നും റൂണി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍